തൃശൂർ:പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ നിരവധി കേസിൽ പ്രതിയായ ഗുണ്ട പെട്രോൾ ഒഴിച്ച് കത്തിച്ചു. പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടൻ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീപിടിച്ചതിനെത്തുടർന്ന് ബൈക്കിൽനിന്നു ചാടിയോടി സമീപമുള്ള തോട്ടിൽ ചാടി തീയണച്ചതിനാൽ മുപ്പതു ശതമാനത്തോളമേ പൊള്ളലേറ്റുള്ളു. ദിലീപ് ഓടിപ്പോയതോടെ സമീപമുണ്ടായിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. പെട്രോൾ ടാങ്കിനു സമീപം ബൈക്ക് കത്തിയെങ്കിലും തീപടരാതെ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തെ തുടർന്ന് ഗുണ്ടാ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പിൽ വിനീത് എന്ന കരിമണി വിനീത് മുങ്ങി.പോലീസ് ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുർഗ പെട്രോൾ പമ്പിലാണ് സംഭവം.പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപയുടെ നോട്ടുകളായാണ് പമ്പിൽ നിന്നും നൽകിയത്.ഇത് എണ്ണി തിട്ടപ്പെടുത്താൻ സമയമെടുത്തതോടെ പിന്നിൽ ക്യൂ നിന്നിരുന്ന വിനീതുമായി തർക്കമുണ്ടായി.തുടർന്ന് വിനീത് കുപ്പിയിൽ പെട്രോൾ വാങ്ങി ദിലീപിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍നിന്നുള്ള ഫോറന്‍സിക് വിദഗ്ദര്‍ ഇന്നലെ ഉച്ചയോടെ പമ്പിലെത്തി പരിശോധന നടത്തി.പ്രതി വിനീതിനെതിരെ പോലീസ് വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.നേരത്തേ പത്തിലേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി ഒളിവില്‍ കഴിയുന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി മേഖലയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അപകട സാധ്യത വളരെ കൂടുതലുള്ള സ്ഥലം എന്ന നിലക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ നടത്തേണ്ട ഇടമായി പെട്രോൾ പമ്പുകളെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്തകാലത്തായി പമ്പുകളിലായി തുടർച്ചയായുള്ള അക്രമങ്ങളിൽ പമ്പ് ജീവനക്കാർക്കും പൊതുജങ്ങൾക്കും ജീവൻ നഷ്ടപെടുന്ന ഒരു സ്ഥിതിയിലേക് വന്നിരിക്കുകയാണ്.ഓയിൽ കമ്പനികളോ സർക്കാരോ പൊതു ജനസുരക്ഷ മുൻ നിർത്തി ഇത്തരം അക്രമങ്ങളെ തടയാൻ വേണ്ട സംവിധാനമോ നിയമനിർമാണമോ നടത്തണം എന്ന ജനങ്ങളുടെ ആവശ്യം ശക്തമായിരിക്കുകയാണ്. രാത്രി കാലങ്ങളിൽ കുടുംബത്തോടൊപ്പം ഇന്ധനം നിറക്കാൻ പമ്പുകളിലെത്തുന്നവർക്കും തൊഴിലാളികൾക്കും പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും അക്രമങ്ങൾക്ക് മുന്നിൽ നിസ്സഹായകരായി നിൽക്കേണ്ടി വരുന്നു എന്നത് പമ്പുകളിലെ ഒരു സ്ഥിരം രാത്രി കാഴ്ചയായി മാറിയിരിക്കുന്നു.