ബെംഗളൂരു:പ്രോടെം സ്പീക്കറുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കർണാടക നിയമസഭയിൽ എംഎൽമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നു. ബിജെപി,കോൺഗ്രസ്,ജെഡിഎസ്,സ്വതന്ത്ര എംഎൽഎമാരാണ് കർണാടകം വിധാൻ സൗധയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.വിശ്വാസ വോട്ടെടുപ്പിന്റെ സമയം നാലുമണിക്ക് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപ് തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്.ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ആദ്യം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത്. കെ.ജി ബോപ്പയ്യ തന്നെ പ്രോടെം സ്പീക്കറായി തുടരാൻ നിർദേശിച്ച സാഹചര്യത്തിൽ അദ്ദേഹം തന്നെയാണ് നിയമസഭാ നടപടികൾ നിയന്ത്രിക്കുന്നത്. നിയമസഭാ നടപടികൾ തത്സമയം സംപ്രേക്ഷണം നടത്താനും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.