
ലണ്ടൻ: ലോകം ഉറ്റുനോക്കുന്ന ഇംഗ്ലണ്ടിലെ രാജകീയ വിവാഹം ഇന്ന്.ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും ശനിയാഴ്ച വിൻഡ്സറിലെ സെന്റ് ജോർജ് ചാപ്പലിൽ വിവാഹിതരാവും.വിൻഡ്സർ കൊട്ടാര പരിസരത്തും റോഡുകളിലും ആരാധകരുടെ തിരക്കാണ്. പലരും ദിവസങ്ങൾക്കു മുൻപേ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാൽ മേഗൻറെ പിതാവ് ചടങ്ങിൽ പങ്കെടുക്കില്ല.അതിനാൽ മേഗന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ നടത്തുക ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനായിരിക്കുമെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. മേഗന്റെ അമ്മ ഡോറിയ വിവാഹത്തിൽ പങ്കെടുക്കും. ഡോറിയ വെള്ളിയാഴ്ച ഹാരിയുടെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ 96 വയസുള്ള ഫിലിപ്പ് രാജകുമാരൻ വിവാഹച്ചടങ്ങിനെത്തും.വിവാഹത്തിനു ശേഷം നവദമ്പതികൾ നഗരത്തിലൂടെ പര്യടനം നടത്തി നഗരവാസികളുടെ സ്നേഹാശംസകൾ ഏറ്റുവാങ്ങും. 33 കാരനായ ഹാരി ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീട ശ്രേണിയിലെ ആറാമനുമാണ്.36 കാരിയായ റേച്ചൽ മേഗൻ ആക്ടിവിസ്റ്റും നടിയുമാണ്.മേഗൻറെ രണ്ടാം വിവാഹമാണിത്.