
കണ്ണൂർ:കണ്ണൂരിൽ അക്രമികൾ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനങ്ങൾ തകർത്തു.തായത്തെരു റോഡിലെ യുക്തി ഡ്രൈവിങ് സ്കൂളിന്റെ എട്ടു വാഹനങ്ങളാണ് അജ്ഞാതരായ അക്രമികള്‍ തകര്‍ത്തിരിക്കുന്നത്.ഡ്രൈവിങ് സ്കൂളിനു മുന്പില് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളെല്ലാം തന്നെ തല്ലിത്തകര്‍ത്ത നിലയിലാണ്.സ്കൂളിനു പിന്നിലെ മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ പൂര്‍ണമായും തകർത്തു. മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മറിച്ചിട്ട നിലയിലും ഒരു ഇരുചക്ര വാഹനം സമീപത്തെ കാട്ടില്‍ തള്ളിയ നിലയിലുമാണ്.മൂന്ന് ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ടാങ്കുകളില്‍ പെയിന്റും മണലും വാരിയിട്ടിട്ടുണ്ട്. ഓഫിസിനു പുറത്തുണ്ടായിരുന്ന മേശയും കുത്തിപ്പൊളിച്ച നിലയിലാണ്.രാവിലെ ഡ്രൈവിങ് പരിശീലനത്തിന് ഓഫിസ് തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് വാഹനങ്ങള്‍ തകര്‍ത്തിരിക്കുന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.