ന്യൂഡൽഹി: കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന് ദീർഘായുസ് ഉണ്ടോയെന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനം പറയും. ബി.എസ്.യെദിയൂരപ്പ സർക്കാരിനെതിരെ കോൺഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി എന്തുനിലപാട് എടുക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. മന്ത്രിസഭ ഉണ്ടാക്കാൻ അവകാശമുന്നയിച്ചു യെദിയൂരപ്പ ഗവർണർക്ക് നല്കിയ കത്തുകൾ രാവിലെ 10.30-ന് കോടതി പരിശോധിക്കും.യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചതു ശരിയായോ എന്ന് അതിനുശേഷം തീരുമാനിക്കും. ബി.എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയെങ്കിലും കാതുകൾ ഹാജരാകാനുള്ള നിർദേശം വഴിത്തിരിവാകും. എന്നാൽ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയ കത്തിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പേരുകൾ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയില്ലെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അവ്യക്തത മാറ്റാനും ഗവർണ്ണറുടെ വിവേചനാധികാരം കൃത്യമായാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് കോടതി കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചുകൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഇന്ന് ഹാജരാക്കണം.ഗവർണ്ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് നൂറ്റിപതിനേഴുപേരുടെ പിന്തുണയുണ്ടെന്നുമാണ് കോൺഗ്രസിന്റെ വാദം.ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് പതിനഞ്ചു ദിവസം നൽകിയത് കുതിരക്കച്ചവടത്തിനാണെന്നും കോൺഗ്രസ് കോടതിയിൽ ആരോപിച്ചു.ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നല്കിയതെന്തിനെന്നുള്ള ചോദ്യവും ശ്രദ്ധേയമാണ്.