കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.നിലവിൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.