മാഹി:മാഹിയിൽ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത് വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ്.പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷിനെയാണ് ഞായറാഴ്ച പുലർച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്.സുഹൃത്തുക്കൾക്കൊപ്പം തൊട്ടടുത്ത വീട്ടിൽ ഉറങ്ങിക്കിടക്കവെയാണ് പുലർച്ചെ ഒന്നരമണിയോടെ അന്വേഷണ സംഘം ജെറിൻ ഉൾപ്പെടെ പതിമൂന്നോളം പേരെ കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായിട്ടായിരുന്നു നടപടി.ജെറിന്റെ കൂടെ ഉറങ്ങിക്കിടന്നവർ പോലും സംഭവം അറിഞ്ഞിരുന്നില്ല.ഞായറാഴ്ച പകൽ 11.15 നായിരുന്നു ജെറിന്റെ വിവാഹം തീരുമാനിച്ചിരുന്നത്.മുഹൂർത്ത സമയത്ത് ബന്ധുക്കളും നാട്ടുകാരും പന്തലിലെത്തിയ ശേഷമാണ് വരനെ കാണാനില്ലെന്നറിയുന്നത്. തുടർന്നാണ് വരൻ പോലീസ് കസ്റ്റഡിയിലാണെന്ന സൂചന ലഭിക്കുന്നത്.മുഹൂർത്തത്തിന് മുൻപായി വരനെ പന്തലിലെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രമിച്ചെങ്കിലും കസ്റ്റഡിയിലാണെന്ന സൂചന പോലും പോലീസ് നൽകിയില്ല.ഇവർ പരാതിയുമായി പള്ളൂർ പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സിപിഎം നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി.ആദ്യം നേതാക്കളോട് സംസാരിക്കാൻ വിസമ്മതിച്ച പോലീസ് പിന്നീട് സംസാരിക്കാൻ സമ്മതിച്ചു.കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ ജെറിനെ വിട്ടയക്കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു.തുടർന്ന് പോലീസ് സ്റ്റേഷന് മുൻപിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റവുമുണ്ടായി.വിവാഹ ചടങ്ങ് മുടങ്ങിയെങ്കിലും വൈകുന്നേരത്തോടെ വരന്റെ അച്ഛനും ബന്ധുക്കളും വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി വധുവിന്റെ വീട്ടിലെത്തി.വധുവിന്റെ വീട്ടുകാർക്കും ഇക്കാര്യത്തിൽ എതിർപ്പില്ലാതായതോടെ വരന്റെ വീട്ടുകാർക്കൊപ്പം വധുവും യാത്രയായി.