
മലപ്പുറം:എടപ്പാളിൽ തീയേറ്ററിൽ ബാലികയ്ക്ക് പീഡനം.അമ്മയുടെ മൗനാനുവാദത്തോടെ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിലായി.തൃത്താല സ്വദേശിയായ പ്രമുഖ വ്യാപാരി കൺകുന്നത്ത് മൊയിദീൻകുട്ടി(60) പിടിയിലായത്.തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്. ഏപ്രിൽ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തീയേറ്റർ ഉടമകൾ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചൈൽഡ്ലൈൻ മുഖേന പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല എന്നാരോപണമുണ്ട്.തുടർന്ന് ചാനൽ വാർത്തനല്കിയതിനെ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ മൗനാനുവാദത്തോടെ കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.പതിനെട്ടാം തീയതി ഫസ്റ്റ് ഷോയ്ക്കാണ് യുവതിയും അവരുടെ പത്തുവയസ്സുകാരിയായ മകളും മൊയിദീൻകുട്ടിയോടൊപ്പം ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയത്.സിനിമ തുടങ്ങിയപ്പോൾ മുതൽ ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. കുട്ടിയുടെ സമീപം തന്നെ അമ്മയിരിക്കുന്നുണ്ടെങ്കിലും ഇയാളുടെ ലൈംഗീക ചേഷ്ടകൾ തടയാൻ മാതാവ് ശ്രമിച്ചിട്ടില്ല എന്നുള്ളതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടമകൾ വിവരം മലപ്പുറം ചൈൽഡ്ലൈനിൽ അറിയിച്ചു.ഏപ്രിൽ 26 ന് ചൈൽഡ്ലൈൻ പ്രവർത്തകർ തെളിവുകൾ അടക്കം പോലീസിൽ പരാതി നൽകി.എന്നിട്ടും ഇത്ര ദിവസമായിട്ടും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല.തുടർന്ന് ചൈൽഡ് ലൈൻ ദൃശ്യങ്ങൾ ചാനലിന് കൈമാറുകയായിരുന്നു.ചാനലിൽ വാർത്ത വന്ന് അരമണിക്കൂറിനുള്ളിൽ പോലീസ് കേസെടുത്തു.വാർത്ത വന്നതോടെ തൃത്താലയിൽ നിന്നും മുങ്ങിയ പ്രതിയെ വൈകുന്നേരത്തോടെ ഷൊർണൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.ദുബായിയിലും ഷൊർണൂരിലും വെള്ളി ആഭരണ ജ്വല്ലറി നടത്തുകയാണ് ഇയാൾ.ഇയാളുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുമായി ഇയാൾക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി.