കണ്ണൂർ:പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിംനേഷ്യം ഒരുങ്ങുന്നു.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ജിംനേഷ്യം ഒരുക്കുന്നത്.ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ജിംനേഷ്യം സഞ്ചാരികൾക്ക് തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി.ജിംനേഷ്യം പ്രവർത്തനമാരംഭിക്കുന്നതോടെ വിദേശ വിനോദസഞ്ചാരികളും യുവാക്കളും കൂടുതലായി ബീച്ചിലേക്ക് എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.പുല്ല് അപ്പ് ബാർ,പുഷ് അപ്പ് ബാർ,പാരലൽ ബാർ,ബാർ ക്ലൈമ്പർ,സ്ട്രെച്ചർ,സൈക്കിൾ,സിറ്റ് അപ്പ് ബെഞ്ച്,സ്പിന്നർ അബ്ഡോമിനൽ ബോർഡ് എന്നീ ഉപകരണങ്ങളാണ് ജിംനേഷ്യത്തിൽ ഒരുക്കുക.ജിംനേഷ്യം സൗജന്യമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഡിടിപിസി ബീച്ചിൽ സ്ഥാപിച്ച ഹൈമാസ്സ് ലൈറ്റുകളുടെ വെളിച്ചത്തിൽ രാത്രി പത്തുമണിവരെ ജനങ്ങൾക്ക് ജിം ഉപയോഗിക്കാം.26 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.വാപ്കോസ് എന്ന കമ്പനിക്കാണ് ഉപകരണങ്ങളുടെ മേൽനോട്ടവും അറ്റകുറ്റപണികളുടെ ചുമതലയും.ജിമ്മിനോട് ചേർന്ന് ബാംബൂ കഫെയുടെ നിർമാണവും പുരോഗമിക്കുകയാണ്.