തിരുവനന്തപുരം:ദീർഘകാല അവധിയെടുത്ത ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കെഎസ്ആർടിസിയുടെ നിർദേശം.അല്ലാത്തപക്ഷം ഇവരെ പിരിച്ചു വിടാനും തീരുമാനിച്ചിട്ടുണ്ട്.അഞ്ചുവര്‍ഷത്തേക്ക് അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്‌ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാര്‍ അടുത്തമാസം പത്തിനകവും അഞ്ചുവര്‍ഷത്തെ അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാത്ത 73 ജീവനക്കാര്‍ ഈ മാസം 25നകവും ജോലിയില്‍ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തീരുമാനം അനുസരിച്ചില്ലെങ്കില്‍ ഇത്രയും പേരെ പിരിച്ചു വിടും. ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും എം.ഡി ടോമിന്‍ തച്ചങ്കരി നോട്ടിസ് നല്‍കിയിട്ടുണ്ട്. ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി.കണ്ടക്‌ടര്‍,ഡ്രൈവര്‍,മെക്കാനിക്ക്,ടയര്‍ ഇന്‍സ്‌പെക്‌ടര്‍, പമ്പ് ഓപ്പറേറ്റര്‍,എ.ഡി.ഇ തസ്‌തികയിലുള്ളവരാണു മുങ്ങിയ ജീവനക്കാര്‍. കോര്‍പ്പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്കു കഴിയും.അതാത് യൂണിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടച്ചയായി അവധിയെടുക്കാം.പതിനാല് ദിവസം കഴിഞ്ഞാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ യൂണിറ്റ് മേധാവി ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയയ്ക്കണം. ഭരണവിഭാഗം മേധാവി അംഗീകരിച്ചാലേ അവധിയില്‍ തുടരാന്‍ കഴിയൂ. 90 ദിവസംവരെയുള്ള അവധികള്‍ ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാനാകും. ഇതുകഴിഞ്ഞാല്‍ സി.എം.ഡിയുടെ അനുവാദം വേണം.