തിരുവനന്തപുരം:ചരിത്രം കുറിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ വിവാഹം ഇന്ന് തലസ്ഥാന നഗരിയിൽ നടന്നു.ഹിന്ദുവായ സൂര്യയും ഇസ്ലാമായ ഇഷാനും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായപ്പോൾ സാക്ഷികളായത് ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും.തിരുവനന്തപുരം മന്നം നാഷണല്‍ ക്ലബ്ബില്‍ നടന്ന വിവാഹം, ആദ്യത്തെ നിയമവിധേയമായ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണ്. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളാണ് ഇരുവരും. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലുള്ളവര്‍ ആട്ടവും പാട്ടവുമായാണ് വധൂ-വരന്മാരെ വിവാഹ വേദിയിലേക്ക് ആനയിച്ചത്.വേദിയിലെത്തിയ ഇരുവരും പരസ്പ്പരം ഹാരമണിഞ്ഞ് സ്വീകരിച്ചു.ഏറെ വര്‍ഷങ്ങളായുള്ള ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. 32കാരനായ ഇഷാന് മൂന്നു വര്‍ഷം മുൻപാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. 2014ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. സോഷ്യല്‍ ആക്ടിവിസ്റ്റും ഭിന്ന-ലൈംഗിക പ്രവര്‍ത്തകയുമായ സൂര്യ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്.