Kerala, News

പാപ്പിനിശ്ശേരി തുരുത്തി കോളനിയിൽ കുടിൽകെട്ടി സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി

keralanews police arrested the protesters in pappinisseri thuruthi colony

കണ്ണൂർ:ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കതിനെതിരെ പാപ്പിനിശ്ശേരി തുരുത്തി കോളനിയിൽ കുടിൽകെട്ടി സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇന്നലെ രാവിലെ പത്തരയോടെയാണ് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്‍റെ നേതൃത്വത്തിൽ സമരം നടത്തിയ സ്ത്രീകൾ ഉൾപ്പെടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു നീക്കിയത്. സമരപ്പന്തലിലെത്തിയ പോലീസ് ആദ്യം കർമസമിതി കൺവീനർ കെ.നിഷിൽ കുമാർ, കെ.ലീല,എ.സന്തോഷ് കുമാർ,കുഞ്ഞമ്പു കല്യാശ്ശേരി എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.തുടർന്ന് സർവ്വേ നടപടികൾ ആരംഭിച്ചു.തഹസിൽദാർ അടക്കമുള്ള സർവ്വേ ഉദ്യോഗസ്ഥർ വൻ പോലീസ് അകമ്പടിയോടെയാണ് സർവേക്കായി എത്തിയത്.പിന്നീട് സമരപ്പന്തലിലുണ്ടായിരുന്ന കോളനിനിവാസികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്യുന്നതിനിടയിൽ അല്പ സമയം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.പതിനൊന്നരയോടെ സമരക്കാരെ മുഴുവൻ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് സമരപന്തൽ കയ്യടക്കുകയും ചെയ്തു.വൈകുന്നേരം സർവ്വേ നടപടികൾ പൂർത്തിയാകുന്നത് വരെ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്ത് കുട്ടികളെയും സ്ത്രീകളെയും സമരസമിതി പ്രവർത്തകരെയും പോലീസ് വിട്ടയച്ചു. ദേശീയപാത വികസനത്തിനായി അലൈൻമെന്റിൽ മാറ്റം വരുത്തിയതോടെ വീടുകൾ നഷ്ടപ്പെടുന്ന തുരുത്തി പട്ടികജാതി കോളനിവാസികൾ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ് അറസ്റ്റ്.

Previous ArticleNext Article