കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ യഥാർത്ഥ പ്രതി ശ്രീജിത്ത് എന്ന തുളസീദാസ് കീഴടങ്ങി.വാരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച ശ്രീജിത്തിന് യാതൊരു പങ്കുമില്ലെന്ന് കീഴടങ്ങിയ പ്രതികൾ പറഞ്ഞു.കേസിൽ തുളസീദാസടക്കം മൂന്നു പ്രതികൾ ഇന്നലെയാണ് കോടതിയിൽ കീഴടങ്ങിയത്.വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടിൽ വിബിൻ,മദ്ദളക്കാരൻ തുളസീദാസ് എന്ന ശ്രീജിത്ത്,കുഞ്ഞാത്തുപറമ്പിൽ കെ.ബി അജിത്ത് എന്നിവരാണ് കീഴടങ്ങിയത്.ഇവർ വീടാക്രമണ കേസിലെ ഒന്നും മൂന്നും ആറും പ്രതികളാണ്.കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന പ്രതികളുടെ വെളിപ്പെടുത്തലോടെ ശ്രീജിത്തിന്റെ അറസ്റ്റിനെ ന്യായീകരിക്കാൻ ശ്രമിച്ച പോലീസ് വീണ്ടും വെട്ടിലായിരിക്കുകയാണ്.ഏപ്രിൽ ആറിനാണ് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് അക്രമിക്കപെടുന്നതും തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്യുന്നതും.സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്തടക്കം പതിനാലുപേരെ പ്രതികളാക്കി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു. ഇതിൽ ശ്രീജിത്തടക്കം പത്തുപേരെ പോലീസ് സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതികളായ നാലുപേർ ഒളിവിൽ പോവുകയും ചെയ്തു.കേസിൽ മൂന്നാം പ്രതിയായ തുളസീദാസ് എന്ന ശ്രീജിത്തിന് പകരം ആളുമറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുടക്കം മുതൽ തന്നെ ആരോപിച്ചിരുന്നു. തുളസീദാസ് നാട്ടിൽ അറിയപ്പെട്ടിരുന്നത് ശ്രീജിത്ത് എന്ന വിളിപ്പേരിലാണ്.പോലീസിനെ പേടിച്ചാണ് ഇതുവരെ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് കീഴടങ്ങിയ പ്രതികൾ പറഞ്ഞു.ആദ്യം തൊടുപുഴയിലാണ് എത്തിയത്.അവിടെ സുഹൃത്തിന്റെ സഹായത്തോടെ കാട്ടിൽ ഒളിവിൽ കഴിഞ്ഞു.അവിടെ നിന്നും കുടകിലെത്തി.കേസിന്റെ ചൂട് കുറഞ്ഞതായി കണ്ടതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
Kerala, News
വരാപ്പുഴ കസ്റ്റഡി മരണം;യഥാർത്ഥ ശ്രീജിത്ത് കീഴടങ്ങി
Previous Articleഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ,പത്തനംതിട്ട സ്വദേശികൾ മരിച്ചു