കണ്ണൂർ:സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനും ഫുട്ബോൾ സംഘടകനുമായ പി.പി ലക്ഷ്മണന് നാടിൻറെ അന്ത്യാഞ്ജലി.തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരമണിയോട് കൂടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം അന്തരിച്ചത്.അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ(ഫിഫ)അപ്പീൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ എക്സിക്യൂട്ടീവ് പ്രസിഡന്റ്,ഫെഡറേഷന്റെ ഓണററി സെക്രെട്ടറി,കേരള ഫുട് ബോൾ അസോസിയേഷൻ പ്രസിഡന്റ്,എഐഎഫ്എഫ് ജൂനിയർ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ,ഖജാൻജി, സെക്രെട്ടറി,സീനിയർ വൈസ് പ്രസിഡന്റ്,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം,ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ,ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മത്സരകമ്മിറ്റി അംഗം,സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കണ്ണൂർ നഗരസഭാ ചെയർമാൻ,റെയ്ഡ്കോ ചെയർമാൻ,കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.ഭാര്യ ഡോ.പ്രസന്ന. മക്കൾ:ഡോ.സ്മിത,ലസിത്,നമിത, നവീൻ. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണ്ണൂർ ട്രെയിനിങ് കോളേജിന് സമീപത്തുള്ള വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും കായിക പ്രേമികളും അടക്കം നിരവധിപേരാണ് അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലേക്ക് എത്തുന്നത്. ബുധനാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് മൃതദേഹം കണ്ണൂർ കോർപറേഷൻ ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിനു വെയ്ക്കും.ശേഷം വൈകുന്നേരം നാലുമണിക്ക് പയ്യാമ്പലത്തു സംസ്കരിക്കും.സംസ്ക്കാര ചടങ്ങുകൾ നടക്കുന്ന ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ണൂർ നഗരത്തിൽ സർവകകഷി ഹർത്താൽ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.ബുധനാഴ്ച വരെ കോൺഗ്രസ് ദുഃഖാചരണം നടത്തും.കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായും സതീശൻ പാച്ചേനി അറിയിച്ചു.