തിരുവനന്തപുരം:കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കഴുത്തിൽ കൈകൊണ്ട് ഞെരിച്ചൊ കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നു.ഇത് ശ്വാസതടസ്സം മൂലം ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിരീക്ഷണം. ഇവരുടെ ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ട്.തൈറോയ്ഡ് ഗ്രന്ഥികളും തകർന്നിട്ടുണ്ട്.കഴുത്തിലെ തരുണാസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.സംഘംചേർന്ന് അക്രമിച്ചതിന്റെ തെളിവുകളും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.എന്നാൽ മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ മാനഭംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ലീഗയുടെ കാസഗത്തിലും കാലിലും കണ്ടെത്തിയ മുറിവുകൾ മൽപ്പിടുത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.തൂങ്ങിമരിച്ചാലുണ്ടാകുന്ന പരിക്കല്ല മൃതദേഹത്തിലുള്ളത്.കഴുത്ത് ഒടിഞ്ഞ നിലയിൽ ലിഗയെ മരത്തിൽ ചാരി നിർത്തി കൊലയാളി രക്ഷപ്പെട്ടതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അഞ്ചുപേരിൽ രണ്ടുപേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് സംശയിക്കുന്ന കൊലയാളി മയക്കുമരുന്നിന് അടിമയാണ്.കോവലത്തെത്തിയ ലിഗയെ പ്രതി സൗഹൃദം ഭാവിച്ച് കണ്ടൽക്കാട്ടിൽ കൊണ്ടുപോയതാകാമെന്ന് പോലീസ് പറയുന്നു.ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വഴക്കുളത്തെ കണ്ടൽക്കാട്ടിൽ വിശദമായ പരിശോധന നടത്തി.പോലീസ് കണ്ടെടുത്ത രണ്ടു ചെറു ബോട്ടുകൾ ഫോറൻസിക് പരിശോധനകൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു.