കണ്ണൂർ:സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ രീതി വീട്ടിൽ വെച്ച് അന്വേഷണ സംഘത്തോട് വിവരിക്കുമ്പോഴും നിർവികാരയായി കേസിലെ പ്രതി സൗമ്യ.എന്നാൽ വിവരണം കേട്ട് സൗമ്യയുടെ സഹോദരി പൊട്ടിക്കരഞ്ഞു.അച്ഛനോടും അമ്മയോടും നീ എന്തിനിതു ചെയ്തുവെന്ന സഹോദരിയുടെ കരഞ്ഞു കൊണ്ടുള്ള ചോദ്യത്തിന് മുൻപിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് സൗമ്യ നിന്നത്.കൊലപാതകം നടത്തിയ രീതി സ്വന്തം മുറിയിലെ കട്ടിലിൽ ഇരുന്നുകൊണ്ടാണ് സൗമ്യ അന്വേഷണ സംഘത്തോട് വിവരിച്ചത്. മീനിൽ എലിവിഷം കലർത്തി വറുത്തെടുത്ത ശേഷം ചോറിൽ കുഴച്ചാണു മകൾക്കു നൽകിയത്. അമ്മയ്ക്കു മീൻകറിയിലും അച്ഛന് രസത്തിലും വിഷം ചേർത്ത് നല്കുകയിരുന്നു.മീൻ വറുക്കാനുപയോഗിച്ച ഫ്രൈയിങ് പാൻ, മാതാപിതാക്കൾക്കു കറി വിളമ്പിയ പാത്രങ്ങൾ എന്നിവ അടുക്കളയിലെത്തി അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു.ഐശ്വര്യയുടെ അസുഖത്തെ കുറിച്ച് സൗമ്യ തന്നോട് വീഡിയോ കോൺഫെറൻസിലൂടെയാണ് പറഞ്ഞിരുന്നതെന്ന് സഹോദരി സന്ധ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.ടെസ്റ്റുകൾ ചെയ്യുന്നുണ്ടെന്നും ഡോക്ടർ രോഗം കണ്ടുപിടിച്ചില്ലെന്നും കുട്ടിക്ക് അച്ഛന്റെ സ്നേഹം ലഭിക്കാത്തതു കൊണ്ടാകാം ഇങ്ങനെയൊക്കെ എന്നാണ് സൗമ്യ പറഞ്ഞത്.ഐശ്വര്യ ഛർദിക്കുന്നതിന്റെ പടങ്ങളും വീഡിയോയും സൗമ്യ തനിക്ക് അയച്ചുതരാറുണ്ടായിരുന്നുവെന്നും സന്ധ്യ പറഞ്ഞു.ഐശ്വര്യ മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് കുട്ടിക്ക് സീരിയസ്സാണെന്ന് സൗമ്യ വിളിച്ചു പറഞ്ഞിരുന്നു .എന്നാൽ ഭർത്താവിന്റെ നാടായ വൈക്കത്തായിരുന്നതിനാൽ മരിക്കുന്നതിന് മുൻപ് തനിക്ക് കുട്ടിയെ കാണാൻ സാധിച്ചില്ലെന്ന് സന്ധ്യ വ്യക്തമാക്കി.പിന്നീട് അമ്മയ്ക്കും സമാന അസുഖം പിടിപെട്ടപ്പോൾ അന്വേഷിച്ച സന്ധ്യയോട് കിണറിലെ വെള്ളത്തിന്റെ കുഴപ്പമാണെന്നും വെള്ളം പരിശോധിക്കാൻ നല്കിയിട്ടുണ്ടെന്നുമാണ് സൗമ്യ പറഞ്ഞത്.കമലയുടെ മരണത്തോടെ അമോണിയയുടെ അംശം വെള്ളത്തിൽ കൂടുതലുണ്ടെന്നും പരിശോധനാ ഫലം കിട്ടിയെന്നും സൗമ്യ സന്ധ്യയെ അറിയിച്ചു.അമ്മയുടെ മരണശേഷം അച്ഛൻ വൈക്കത്തെ സന്ധ്യയുടെ വീട്ടിൽ പോയിരുന്നു.അവിടെ നിന്നു ഛർദിച്ചപ്പോൾ അച്ഛനെ അവിടുത്തെ ഡോക്ടറെ കാണിച്ചു.സുഖമായതിനെത്തുടർന്നു നാട്ടിലേക്ക് അച്ഛനോടൊപ്പം സന്ധ്യയും വരികയായിരുന്നു.പിന്നീട് നാട്ടിലെത്തിയപ്പോൾ അച്ഛൻ കുഞ്ഞിക്കണ്ണന് അസുഖം കൂടുതലായതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛന്റെയും അമ്മയുടെയും മരണം നടന്നപ്പോൾ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്ന് പറഞ്ഞെങ്കിലും വയസ്സായ ആളുകളെ എന്തിനാണ് കീറിമുറിക്കുന്നതെന്ന് പറഞ്ഞ് സൗമ്യ പോസ്റ്റ് മോർട്ടത്തിന് എതിര് നിൽക്കുകയായിരുന്നു.എന്നിട്ടും സൗമ്യ കൊലപാതകം ചെയ്തെന്നു സന്ധ്യ വിശ്വസിച്ചില്ല. പൊലീസ് ചോദ്യംചെയ്തപ്പോൾ സൗമ്യ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണു സന്ധ്യ യാഥാർഥ്യം അറിയുന്നത്.