കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്കും മകൾക്കും വിഷം നൽകിയത് താൻ ഒറ്റയ്ക്കെന്ന് പ്രതി സൗമ്യയുടെ മൊഴി.എന്നാൽ കൊലയ്ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണു പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സൗമ്യയെ കോടതി റിമാൻഡ് ചെയ്ത ശേഷം നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഭർത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിനിയായ ലൈംഗിക തൊഴിലാളിയുമായി പരിചയത്തിലായ സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.ഇതിൽ രണ്ടുപേരുമായി മോശം സാഹചര്യത്തിൽ മകൾ സൗമ്യയെ കണ്ടതോടെയാണ് മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.ചോറിൽ വിഷം കലർത്തി നൽകിയാണ് മകളെ കൊലപ്പെടുത്തിയത്.ഇതിൽ പിടിക്കപ്പെടാതായതോടെ ഇതേ രീതിയിൽ തന്നെ മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് അന്വേഷണ സംഘം സൗമ്യയുമായി പടന്നക്കരയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി.വിഷം കലർത്തിയ ഭക്ഷണം നൽകിയ പാത്രങ്ങൾ, എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിഷം സൂക്ഷിച്ച പെട്ടി എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേർ വീടിനു ചുറ്റും തടിച്ചുകൂടിയിരുന്നു. തെളിവെടുപ്പുകഴിഞ്ഞു പുറത്തിറങ്ങിയ സൗമ്യ നാട്ടുകാർ കൂകി വിളിച്ചു.ചിലർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.കുടുംബാംഗങ്ങളെ മാത്രം ഉള്ളിലാക്കി വീടിന്റെ വാതിൽ അടച്ചായിരുന്നു തെളിവെടുപ്പ് പൂർത്തിയാക്കിയത്.അന്വേഷണ സംഘത്തിന് പുറമെ സൗമ്യയുടെ സഹോദരിയും ഭർത്താവും മക്കളും തെളിവെടുപ്പ് സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു.