കണ്ണൂർ:കണ്ണൂർ ബൈപാസ് സ്ഥലം ഏറ്റെടുക്കലിനെതിരെ കോട്ടക്കുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നു.ഇന്നലെ രാവിലെ കോട്ടക്കുന്ന് മുത്തപ്പൻ ക്ഷേത്ര പരിസരത്താണ് സർവ്വേ നടപടികൾ ആരംഭിച്ചത്.പിന്നീട് അറബിക് കോളേജ് പരിസരം,പരിസരത്തെ വയൽ എന്നിവിടങ്ങളിലും സർവ്വേ നടപടികൾ പൂർത്തിയാക്കി.എന്നാൽ പലയിടത്തും സർവ്വേ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി സ്ത്രീകളടക്കമുള്ള നാട്ടുകാർ മുന്നോട്ട് വന്നു.ഇവർ തമ്മിൽ വാക്കുതർക്കവുമുണ്ടായി. എന്നാൽ സർവ്വേ ഉദോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോയതോടെ ഉച്ചയോടെ പ്രതിഷേധത്തിൽ കുറവുണ്ടായി.കനത്ത പോലീസ് കാവലിലാണ് സർവ്വേ നടപടികൾ പുരോഗമിച്ചത്.ചൊവ്വാഴ്ച സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടയുകയും സർവ്വേ ഉപകരണങ്ങൾ കിണറ്റിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.ബൈപാസ് നിർമാണം ബാധിക്കില്ലെന്ന് കലക്റ്റർ ഉറപ്പു നൽകിയവരുടെ വീടുകളും ഇപ്പോൾ അടയാളപ്പെടുത്തിയ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കോട്ടക്കുന്നിൽ നിന്നും പുഴാതി വില്ലേജിലേക്കുള്ള ദൂരത്തിലാണ് ഇപ്പോൾ സർവ്വേ നടത്തിയത്. പുഴാതി വില്ലേജിൽ സർവ്വേ നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കോട്ടക്കുന്ന് പ്രദേശത്തെ 500 മീറ്ററോളം സ്ഥലത്താണ് ഇനി സർവ്വേ പൂർത്തീകരിക്കാനുള്ളത്.ഇത് ഇന്ന് പൂർത്തിയാക്കും.