കണ്ണൂർ:കണ്ണൂർ പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവം കൊലപാതകം തന്നെ എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(28) കുറ്റം സമ്മതിച്ചു. സൗമ്യയുടെ മാതാപിതാക്കളുടെയും മക്കളുടെയും മരണം ആസൂത്രിത കൊലപാതകമാണെന്ന് ഇതോടെ തെളിഞ്ഞു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന് (76)ഭാര്യ കമല(65)മക്കളായ ഐശ്വര്യ കിശോര്‍ (8) കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.പതിനൊന്നു മണിക്കൂർ നീണ്ടു നിന്ന ചോദ്യംചെയ്യലിനൊടുവിൽ സൗമ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.മാതാപിതാക്കളേയും ഒരു മകളേയും താന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നു സൗമ്യ പോലീ സിനു നല്കിയ മൊഴിയില്‍ പറഞ്ഞു.ഒരു കുട്ടിയുടേതു സ്വാഭാവികമരണമാണെന്നാണ് യുവതി പറയുന്നത്.കാമുകനോടൊപ്പം താമസിക്കുന്നതിന് മാതാപിതാക്കളും മകളും തടസ്സമാണെന്ന് തോന്നിയതിനാലാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സൗമ്യ പൊലീസിന് മൊഴി നൽകി.മൂന്നു മാസം മുൻപ് മൂത്തമകൾ ഐശ്വര്യയ്ക്ക് വറുത്ത മീനിനൊപ്പം എലിവിഷം ചേർത്ത് ചോറിനൊപ്പം നൽകിയാണ് സൗമ്യ കൊലപ്പെടുത്തിയത്. പിന്നീട് രണ്ടുമാസം കഴിഞ്ഞ് മീൻ കറിയിൽ വിഷം ചേർത്ത് അമ്മയ്ക്ക് നൽകുകയായിരുന്നു. മകൾ മരിച്ച അതെ രീതിയിൽ അമ്മയും മരിച്ചതോടെ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ഇത് മാറ്റാൻ കിണറിലെ വെള്ളത്തിൽ അമോണിയയുടെ അംശം ഉള്ളതായി സൗമ്യ പറഞ്ഞു. വെള്ളം സ്വന്തമായി ലാബിൽ കൊണ്ടുപോയി പരിശോധിച്ച ശേഷമാണ് ഇങ്ങനെ പറഞ്ഞത്.അമ്മ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ചോറിനൊപ്പം കഴിക്കാൻ നൽകിയ രസത്തിൽ വിഷം കലർത്തി അച്ഛനെയും കൊലപ്പെടുത്തി.എന്നാൽ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ചെറിയ തോതിൽ പലതവണയായാണ് ശരീരത്തിലെത്തിയതെന്ന് സംശയമുണ്ട്. തുടരന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.തുടർച്ചയായ മൂന്നു മരണങ്ങളിൽ നാട്ടുകാർ സംശയം ഉന്നയിച്ചതോടെ തനിക്കും രോഗം ബാധിച്ചതായി സൗമ്യ പ്രചരിപ്പിച്ചു.ഒരാഴ്ച മുൻപ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പോലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.