കണ്ണൂർ:സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച പരിയാരം മെഡിക്കൽ കോളേജിൽ എംബിബിഎസ് ഫീസ് 4.85 ലക്ഷം രൂപയായി ഉയർത്തി.വർഷത്തിൽ രണ്ടരലക്ഷം രൂപ ഫീസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഇനി മുതൽ 4.85 ലക്ഷം രൂപ ഫീസ് അടയ്ക്കണം.ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ 50 പേരോടാണ് മാനേജ്‌മെറ്റിന്റെ നിർദേശം.25000 രൂപ ഫീസ് അടച്ച് പ്രവേശനം നേടിയ ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും 40000 രൂപ ഫീസ് നൽകേണ്ട മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇനി 4.85 ലക്ഷം രൂപ ഫീസ് അടയ്ക്കണം.ഫീസ് വർധനവിൽ പ്രതിഷേധിച്ച് വിദ്യാത്ഥികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശഷം ക്ലാസ് ബഹിഷ്‌കരിച്ചു.നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടി അഡ്മിഷൻ നേടിയവരാണ് ഇവരിൽ ഭൂരിഭാഗം വിദ്യാർത്ഥികളും.മറ്റു കോളേജുകളിൽ സർക്കാർ മെറിറ്റിൽ സീറ്റു കിട്ടുമായിരുന്നുവെങ്കിലും താരതമ്യേന കുറഞ്ഞ ഫീസ് ആയതിനാലാണ് പരിയാരം മെഡിക്കൽ കോളേജിൽ ഇവർ അഡ്മിഷൻ നേടിയത്.10 ലക്ഷം രൂപ ഫീസ് വാങ്ങുന്ന സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് 4.85 ലക്ഷമാക്കി കുറച്ചപ്പോൾ തങ്ങളുടെ ഫീസ് ഇരട്ടിയായെന്ന് വിദ്യാർഥികൾ പറയുന്നു.പരിയാരത്തും മാനേജ്‌മെന്റ് സീറ്റിൽ 10 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്.എന്നാൽ മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ ഫീസ് 4.85 ലക്ഷമാക്കി കുറച്ചു.മാനേജമെന്റ് സീറ്റിന്റെ ഫീസ് 10 ലക്ഷത്തിൽ നിന്നും 4.85 ലക്ഷമാക്കി കുറച്ചതിന്റെ നഷ്ട്ടം നികത്താനാണ് മെറിറ്റ് സീറ്റിലെ ഫീസ് കുത്തനെ ഉയർത്തിയത്.ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.