തിരുവനന്തപുരം:ശമ്പള വർധനവിന്റെ കാര്യത്തിൽ സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ലോങ്ങ് മാർച്ച് നടത്താനൊരുങ്ങുന്നു.ചേർത്തല കെവിഎം ആശുപത്രി മുതൽ സെക്രെട്ടറിയേറ്റ് വരെ മാർച്ച് നടത്താനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം.’വാക് ഫോർ ജസ്റ്റിസ്’എന്നാണ് ലോങ്ങ് മാർച്ചിനെ യുഎൻഎ വിശേഷിപ്പിക്കുന്നത്.നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി എം ആശുപത്രിക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്.മിനിമം വേജ് ഉപദേശക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അതിന്മേല് തീരുമാനമെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ലോങ്ങ് മാർച്ച് നടത്താൻ നഴ്സുമാർ തീരുമാനിച്ചിരിക്കുന്നത്. തീരുമാനമെടുക്കാന്‍ 10 ദിവസം കൂടി വേണമെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിന് മുമ്ബാകെ തടസ്സങ്ങളില്ലെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു.മാനേജ്മെന്റുകള്‍ക്കാകട്ടെ നഴ്സുമാര്‍ സമരം തുടരട്ടെയെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശമ്ബള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎന്‍എ നേരത്തെ നിശ്ചയിച്ചിരുന്നു.അനിശ്ചിതകല പണിമുടക്ക് തുടങ്ങുന്ന 24 ന് തന്നെയാണ് കെവിഎമ്മില്‍ നിന്ന് ലോങ് മാര്‍ച്ചും തുടങ്ങുന്നത്. തങ്ങള്‍ പണിമുടക്കുമെന്ന മുന്നറിയിപ്പിനെ സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന പരാതിയും നഴ്സുമാര്‍ക്കുണ്ട്.നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും.നിരവധി രോഗികളാണ് വെന്റിലേറ്ററിലും മറ്റും കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയകളും മുടങ്ങും.ഇതിനൊപ്പം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റും. യുഎന്‍എ പോലുള്ള ശക്തമായ സംഘടന സമരത്തിലേക്ക് നീങ്ങുമ്പോൾ ഉചിതമായ നടപടിയെടുക്കേണ്ട ബാധ്യത സർക്കാരിനാണ്.