Kerala, News

നാലുമാസത്തിനിടെ ഒരു കുടുംബത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മൂന്നുപേർ;അമ്പരപ്പിൽ ഒരു നാട്;പരിശോധനയ്ക്കായി വിദഗ്ദ്ധസംഘം

keralanews three people from a family died in a mysterious circumstances in four months expert team for inspection

തലശ്ശേരി:ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിൽ ഒരു കുടുംബത്തിൽ നാലുമാസത്തിനിടെ മൂന്നു ദുരൂഹ മരണങ്ങൾ.ആറു വർഷം മുൻപും ഈ കുടുംബത്തിലുണ്ടായ ഒരു മരണമടക്കം നാലുപേരും മരിച്ചത് ഛർദിയെ തുടർന്ന്.ഇതിനിടെ വീട്ടിൽ അവശേഷിച്ചിരുന്ന  അഞ്ചാമത്തെയാളായ യുവതി കൂടി ഛർദിയെ തുടർന്ന് ചികിത്സ തേടിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛർദിയെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ സൗമ്യയെ(28) വിദഗ്ദ്ധ സംഘം പരിശോധിച്ചു.ആറുവർഷം മുൻപായിരുന്നു സൗമ്യയുടെ ഇളയ മകൾ കീർത്തന ഛർദിയെ തുടർന്ന് മരിച്ചത്.അന്ന് കീർത്തനയ്ക്ക് ഒരുവയസ്സായിരുന്നു.മരണത്തിൽ സംശയം ഒന്നും തോന്നാത്തതിനെ തുടർന്ന് കീർത്തനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ല.ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സൗമ്യ.പിന്നീട് ഈ വർഷം ജനുവരി 12 നു സൗമ്യയുടെ മൂത്ത മകൾ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഐശ്വര്യയും ഇതേ സാഹചര്യത്തിൽ മരണമടയുകയായിരുന്നു. മരണത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തില്ല.ഇതിനു ശേഷം മാർച്ചിൽ സൗമ്യയുടെ അമ്മ കമലയും ഛർദിയെ തുടർന്ന് മരണപ്പെട്ടു.പിന്നീട് ഏപ്രിലിൽ സൗമ്യയുടെ അച്ഛൻ കരുണാകരനും ഛർദിയെ തുടർന്ന് മരിച്ചു.തുടർച്ചയായി മൂന്നു മരണങ്ങൾ സംഭവിച്ചതോടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു.തുടർന്ന് പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി.എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്താനായില്ല.ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ നിഗമനങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളൂ.ഇത് രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.ആശുപത്രിൽ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ അപകട നില തരണം ചെയ്തിട്ടുണ്ട്.ഇവരുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.നാല് മരണങ്ങളെയും കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കുമെന്ന് തലശ്ശേരി സിഐ കെ.ഇ പ്രേമചന്ദ്രൻ അറിയിച്ചു.

Previous ArticleNext Article