കണ്ണൂർ:വ്യാജ വാഹന ഇൻഷുറൻസ് പേപ്പർ ഉപയോഗിച്ച് വാഹന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ യുവതിക്കെതിരായി പരാതിയുമായി കൂടുതൽപ്പേർ രംഗത്ത്.കഴിഞ്ഞ ദിവസം നാലുപേർ കൂടി പരാതി നൽകിയിട്ടുണ്ട്.തട്ടിപ്പ് നടത്തിയ സംഭവത്തിൽ എളയാവൂർ സൗത്ത് സ്വദേശിനിയും ഇൻഷുറൻസ് ഏജന്റുമായ ഷീബ ബാബുവിനെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ പത്തുവർഷമായി യുണൈറ്റഡ് ഇൻഷുറൻസ് ഏജന്റായ ഷീബ വാഹന ഉടമകളിൽ നിന്നും പ്രീമിയം തുക കൃത്യമായി ശേഖരിക്കുകയും പിന്നീട് തുക ഹെഡ് ഓഫീസിൽ അടയ്ക്കാതെ അടച്ചതായി കൃത്രിമ രേഖയുണ്ടാക്കി ഉടമകൾക്ക് നൽകുകയുമായിരുന്നു.കഴിഞ്ഞ ദിവസം ഇരിട്ടി സ്വദേശിയായ ഷെഫീക്ക് തന്റെ വാഹനത്തിന്റെ ഇൻഷുറൻസ് തുക അടയ്ക്കാനായി ഇരിട്ടിയിലെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. ഇയാൾ കഴിഞ്ഞ വർഷത്തെ ഇൻഷുറൻസ് തുക അടച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.എന്നാൽ യുണൈറ്റഡ് ഇൻഷുറന്സ് ഏജന്റായ ഷീബ വഴി പ്രീമിയം തുകയായ 15260 രൂപ താൻ അടച്ചതായി ഷെഫീക്ക് പറഞ്ഞു.തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷീബ പലരിൽ നിന്നായി ഇത്തരത്തിൽ പണം തട്ടിയെടുത്തതായി കണ്ടെത്തി.തട്ടിപ്പ് നടത്തുന്നതിനായി ഇവർക്ക് കമ്പനിയിൽ നിന്നും മറ്റാരുടെയോ സഹായം ലഭിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.