തളിപ്പറമ്പ്:ഇന്നലെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി പരിസരത്തുനിന്ന് പോലീസ് സംഘം കണ്ടെടുത്ത രണ്ട് ബോംബുകളും വ്യാജമായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു.ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കിയപ്പോഴാണ് അകത്ത് വെറും വെണ്ണീരാണെന്ന് മനസിലായത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോട് കൂടിയാണ് കോടതി കെട്ടിടത്തിനു പിറകില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും ചുവന്ന തുണിയില്‍ പൊതിഞ്ഞ രണ്ട് സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഇന്നലെ ഉച്ചയോടെ ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.തളിപ്പറമ്പ് പോലീസ് ഉടന്‍ തന്നെ ഇവ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്വാഡും നടത്തിയ പരിശോധനയിലാണ് ഇവ വ്യാജ ബോംബുകളാണെന്ന് തിരിച്ചറിഞ്ഞ്.സ്റ്റീല്‍ കണ്ടൈനറിനുള്ളില്‍ വെണ്ണീര്‍ നിറച്ച് പ്രത്യേക തരം പശ ഉപയോഗിച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു. പോലീസിനെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരോ മനപൂർവം ചെയ്തതാണെന്നാണ് നിഗമനം.എന്നാൽ വിഷയം നിസാരമായി കാണാൻ കഴിയില്ലെന്നും അന്വേഷണം നടത്തി ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും തളിപ്പറമ്പ് എസ്എച്ച്ഒ പി.കെ. സുധാകരന്‍ പറഞ്ഞു.