Kerala, News

ദളിത് ഹർത്താൽ;ജില്ലയിൽ വിവിധയിടങ്ങളിൽ സംഘർഷം

keralanews dalith hartal violence in different areas of kannur district

കണ്ണൂർ:ദളിത് സംഘടനകൾ ഇന്നലെ നടത്തിയ ഹർത്താലിൽ ജില്ലയിൽ വിവിധയിടങ്ങളിൽ സംഘർഷം.വാഹന ഗതാഗതം കാര്യമായി തടസ്സപ്പെട്ടില്ലെങ്കിലും ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിച്ചില്ല.ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് യുവജന സംഘടനകളും രംഗത്തെത്തിയതോടെ പലയിടത്തും പ്രതിഷേധം ശക്തമായി.രാവിലെ തുറന്നു പ്രവർത്തിച്ച പല കടകളും ഏറെ വൈകാതെ പൂട്ടി.തളിപ്പറമ്പ്,കണ്ണൂർ,മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കടയടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.ഹര്‍ത്താല്‍ ദിനത്തില്‍ തളിപ്പറമ്പിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും രാവിലെ മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യപിച്ച് രംഗത്തു വന്ന യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എത്തി വാഹനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒഴിവാക്കി കടകള്‍ മാത്രം അടപ്പിച്ചതോടെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.തുടര്‍ന്ന് തളിപ്പറമ്പ് എസ്ഐ പി.എ. ബിനുമോഹന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ചത്.കടകള്‍ തുറക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തയാറായില്ല.ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇരിട്ടി പട്ടണത്തില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി.ഇന്നലെ രാവിലെ 10 മണിയോടെ നഗരത്തിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെ സിഐടിയു ചുമട്ടു തൊഴിലാളികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കം മൂത്തതിനെത്തുടര്‍ന്നു ഇരിട്ടി എസ്‌ഐ സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തില്‍ എത്തിയ പോലീസ് ഇരു വിഭാഗങ്ങളെയും പിന്തിരിപ്പിക്കുകയായിരുന്നു.കണ്ണൂരിലും ഹർത്താലിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.പലയിടങ്ങളിലും സമരാനുകൂലികൾ ബസുകൾ തടഞ്ഞു. കടകൾ അടപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം ബസുകൾ തടയാനുള്ള സമരാനുകൂലികളുടെ ശ്രമം സംഘർഷത്തിനിടയാക്കി. രാവിലെ നഗരത്തിലെയും പരിസരങ്ങളിലെയും കടകൾ പതിവുപോലെ തുറക്കുകയും ബസുകൾ സർവീസ് നടത്തുകയും ചെയ്തെങ്കിലും പത്തോടെ പുതിയതെരുവിൽനിന്നും പ്രകടനമായി കണ്ണൂരിലേക്ക് നീങ്ങിയ സമരാനുകൂലികൾ പുതിയതെരു, പള്ളിക്കുന്ന്, കണ്ണൂർ ജെഎസ് പോൾ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, പ്ലാസ എന്നിവിടങ്ങളിലെ കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കുകയായിരുന്നു. ഇതോടെ നഗരത്തിലെ മറ്റു കടക്കാരും കടകളടച്ചു.എന്നാൽ, ഹോട്ടലുകൾ തുറന്നുപ്രവർത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. ഇതിനിടെ ഒരു സംഘം പഴയ ബസ് സ്റ്റാൻഡിനു സമീപം ബസുകൾ തടഞ്ഞു.സർവീസ് നിർത്തിയില്ലെങ്കിൽ ബസുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സംഘർഷം ഉടലെടുത്തു.പോലീസ് എത്തി പ്രകടനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.

Previous ArticleNext Article