Kerala, News

നഴ്സുമാരുടെ ശമ്പള പരിഷ്‌ക്കരണം;സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി

keralanews salary rivision of nurses hc says govt may issue notification

കൊച്ചി:നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനുള്ള വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഹരജി ഹൈക്കോടതി തള്ളി.അന്തിമ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. മാനേജ്‌മെന്റുകളുടെ ഹർജിയെ തുടർന്ന് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് കോടതി നേരത്തെ സ്റ്റേ നൽകിയിരുന്നു. നഴ്സുമാരുടെ സംഘടനയും മാനേജ്മെന്‍റുകളും സർക്കാർ പ്രതിനിധികളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ലേബർ കമ്മിഷൻ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ശമ്പള പരിഷ്കരണ വിജ്ഞാപനം മാർച്ച് 31ന് മുൻപ് ഇറക്കാൻ ആയിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ ഹൈക്കോടതി തടഞ്ഞതിനാല്‍ ഉത്തരവ് ഇറക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സ്റ്റേ നീക്കി സർക്കാരിന് വിജ്ഞാപനമിറക്കാൻ കോടതി അനുവാദം നൽകിയത്. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20000 രൂപയായി നിശ്ചയിക്കുന്നതാണ് സുപ്രീം കോടതി സമിതി മുൻപോട്ട് വെച്ചിരിക്കുന്ന മാർഗനിർദേശം.ശമ്പള പരിഷ്ക്കരണത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാർഗനിർദേശപ്രകാരമുള്ള വിജ്ഞാപനമാകും സർക്കാർ പുറത്തിറക്കുക.ആവശ്യമെങ്കിൽ സർക്കാരിന് മാനേജ്മെന്‍റുകളും നഴ്സുമാരുമായും ചർച്ച നടത്താമെന്നും കോടതി വ്യക്തമാക്കി. അന്തിമ വിജ്ഞാപനമിറങ്ങിയ ശേഷം തീരുമാനമെടുക്കുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അറിയിച്ചു.

Previous ArticleNext Article