തിരുവനന്തപുരം:കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത ട്രേഡ‍് യൂണിയന്‍ സമര സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു പണിമുടക്ക് ആരംഭിച്ചു.ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മണി വരെയാണ് പണിമുടക്ക്.പൊതു പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരിടത്തും കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകളും ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.കൊച്ചി മെട്രോ പതിവുപോലെ സര്‍വ്വീസ് നടത്തുന്നത് കൊച്ചി നഗരത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാര്‍ക്ക് വേണ്ടി പോലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്ന പണിമുടക്കില്‍ സംസ്ഥാനത്തെ വാണിജ്യ-വ്യവസായ മേഖലയും പൂര്‍ണ്ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികളും കടകള്‍ തുറന്നിട്ടില്ല. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള പണിമുടക്കിനോട് അനുബന്ധിച്ച് തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.