Kerala, News

ഇരിട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി;ഒരാൾ അറസ്റ്റിൽ

keralanews large quantity of explosives were seized in iritty and one arrested

ഇരിട്ടി:കർണാടകയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി.ഇരിട്ടി എക്‌സൈസ് സംഘമാണ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ തൃശൂർ സ്വദേശി കെ.ജെ. അഗസ്റ്റിന്‍ (32)നെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.പിന്നീട് ലോറിയും സ്‌ഫോടക വസ്തുക്കളും ഇരിട്ടി പൊലീസിന് കൈമാറി.ഇരിട്ടി എസ്‌ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കിളിയന്തറ ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് സ്ഫോടകശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജേന ലോറിയിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക്, 7 കിലോഗ്രാം വീതമുള്ള 9 പായ്ക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി ഹംസക്കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ബൈജേഷ്, പി.കെ മനീഷ്, കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് ഏജന്റുമാര്‍ മുഖേനയാണ് സ്‌ഫോടകവസ്തു കടത്തിയതെന്നും കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനായി ക്വാറി ഉടമകള്‍ക്ക് വില്‍പ്പന നടത്താനാണ് സ്‌ഫോടകവസ്തു ഉപയോഗിക്കുന്നതെന്നുമാണ് പിടിയിലായ അഗസ്റ്റിന്‍ നല്‍കിയ മൊഴി.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്നും ലോറിയിൽ നിരവധി ചെക്ക് പോസ്റ്റുകൾ കടന്ന് ഇത്രയും സ്ഫോടകവസ്തുക്കൾ യാതൊരു പരിശോധനയുമില്ലാതെ കേരളത്തിലെത്തിച്ചതിനു പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു.അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിനു പിന്നിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Previous ArticleNext Article