കണ്ണൂർ:വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴിൽ വിലക്ക്.ചുമട്ട് തൊഴിലാളിയായ രതീഷിനാണ് സിഐടിയു തൊഴില്‍ വിലക്കിയത്.പാർട്ടി വിരുദ്ധമായി കീഴാറ്റൂരിൽ സമരം ചെയ്യുന്ന രതീഷ് ഇനി ജോലിക്ക് പ്രവേശിക്കണമെങ്കിൽ പാർട്ടിയോട് മാപ്പുപറയണമെന്നാണ് യൂണിയൻകാരുടെ പക്ഷം.കഴിഞ്ഞ ഒരുമാസമായി രതീഷിന് ജോലിയിൽ പ്രവേശിക്കാൻ അനുവാദമില്ല.ചുമട്ടുതൊഴിലാളിയായ രതീഷ് കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി വരെ ജോലി ചെയ്തിരുന്നു.എന്നാൽ ബൈപാസിനെതിരെയുള്ള വയൽക്കിളികളുടെ സമരം ശക്തമായതോടെ രതീഷിനു തൊഴിൽ വിലക്കേർപ്പെടുത്തുകയായിരുന്നു.വിലക്കിനെതിരെ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് രതീഷ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസർ രണ്ടു തവണ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സിഐടിയു പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.മാപ്പ് എഴുതി നൽകിയ ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നാണ് സിഐടിയു നേതാക്കൾ പറഞ്ഞതെന്നും എന്നാൽ മാപ്പ് എഴുതി നല്കാൻ താൻ തയ്യാറല്ലെന്നും സമരം തുടരുമെന്നും രതീഷ് വ്യക്തമാക്കി.അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിനാണ് രതീഷിനെ മാറ്റിനിർത്തിയതെന്ന് സിപിഎം പറഞ്ഞു.