തളിപ്പറമ്പ്:വയൽ നികത്തി നാലുവരിപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വയൽക്കിളികൾ കീഴാറ്റൂരിൽ നടത്തുന്ന സമരത്തിനെതിരെ മാർച്ച് 24ന് “നാടിന് കാവൽ’ എന്ന പേരിൽ സമരവുമായി സിപിഎം രംഗത്തുവരുന്നു.3000 പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന ബഹുജന മാർച്ചും പൊതുയോഗവും നഗരത്തെ ആശങ്കയിലാഴ്ത്തുന്നതാണ്.സിപിഎം ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പിലെ പ്രബല രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗും വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് തളിപ്പറമ്പിൽ കൂറ്റൻ പ്രകടനം നടത്തിയിരുന്നു.25 ന് 2000 പേരെ പങ്കെടുപ്പിച്ച് തളിപ്പറമ്പ് നഗരത്തിൽ നിന്നും കീഴാറ്റൂരിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനാണ് വയൽക്കിളികൾ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കുന്ന മാർച്ച് കോൺഗ്രസ്സ് നേതാവ് വി എം സുധീരനാണ് ഉൽഘാടനം ചെയ്യുക.ഇതിനു മുന്നോടിയായിട്ടാണ് സിപിഎം നീക്കം. വയൽക്കിളികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം സമരം. ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ വീണ്ടും സമര പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. വയൽക്കിളികളുടെ സമരത്തിന് സിപിഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഐ യുവജന സംഘടന എഐവൈഎഫ് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ശക്തമാക്കാനാണ് എഐവൈഎഫ് നീക്കം.മൂവായിരംപേരെ പങ്കെടുപ്പിച്ച് കീഴാറ്റൂരിൽ നിന്നും തളിപ്പറമ്പിലേക്ക് മാർച്ചും ടൌൺ സ്ക്വയറിൽ പൊതുസമ്മേളനവുമാണ് സിപിഎം നിശ്ചയിച്ചിട്ടുള്ളത്.സംസ്ഥാന സെക്രെട്ടെറിയേറ്റ് അംഗം എം.വി ഗോവിന്ദനാണ് മുഖ്യപ്രഭാഷകൻ.