ന്യൂഡൽഹി:2014 ഇൽ ഇറാഖിലെ മൊസൂളിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു.ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇവ ഉടനെ തന്നെ നാട്ടിലെത്തിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.ബാഗ്ദാദിൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.പഞ്ചാബിൽ നിന്നും 27 പേർ,ഹിമാചൽ പ്രദേശിൽ നിന്നും നാലുപേർ, ബീഹാറിൽ നിന്നും ആറുപേർ ബംഗാളിൽ നിന്നും രണ്ടുപേർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്.നാട്ടുകാർ നൽകിയ വിവരങ്ങളനുസരിച്ച് മൊസൂളിന് വടക്ക് പടിഞ്ഞാറുള്ള ബദോഷിൽ ഒരു കുന്നിനു താഴെയുള്ള കുഴിമാടത്തിൽ ഡീപ് പെനെട്രേഷൻ റഡാറുകൾ ഉപയോഗിച്ച് നടത്തിയ ദുഷ്‌കരമായ അന്വേഷണത്തിനും തിരച്ചിലും ഒടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.നീളമുള്ള മുടികൾ,പഞ്ചാബി വളകൾ, ഇറാഖികളുടേതല്ലാത്ത ചെരിപ്പുകൾ,തിരിച്ചറിയൽ കാർഡുകൾ എന്നിവ ഉൾപ്പെടെ ഇൻഡ്യാക്കാരുടേതെന്ന് കരുതുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.തുടർന്ന് ബാഗ്ദാദിലെ മാർട്യാർ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. കൊലപ്പെട്ടവരെന്ന് കരുതുന്നവരുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും രക്ത സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. 2014 ജൂണിലാണ് 40 ഇന്ത്യക്കാരെ ഇറാഖിൽ ഐഎസ് ഭീകരർ തടവിലാക്കിയത്.ഇവിടെ നിന്നും രക്ഷപ്പെട്ട ഗുർദാസ്പൂർ സ്വദേശി ഹർജിത്ത് മസീഹ് ഇർബിലിൽ എത്തിയതോടെയാണ് ഇവർ തടവിലായ വിവരം പുറംലോകമറിഞ്ഞത്. എന്നാൽ തെളിവില്ലെന്ന് പറഞ്ഞ് സർക്കാർ ഈ വിവരം തള്ളിക്കളയുകയായിരുന്നു.പിന്നീട് ബദോഷിലെ നാട്ടുകാരാണ് ഐഎസ് ഭീകരർ കുറച്ചുപേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായി ഇറാഖി അധികൃതരോട് പറഞ്ഞത്.തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കാൻ ഇറാഖി സർക്കാരിനോട് ഇന്ത്യൻ സർക്കാർ അഭ്യർത്ഥിക്കുകയായിരുന്നു.മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് രാജ്യസഭയിലും പുറത്തും നടത്തിയ വാർത്ത സമ്മേളനത്തിൽ സുഷമ സ്വരാജ് പറഞ്ഞു.