Food

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും

keralanews jackfruit will be announced as the official fruit of kerala

തിരുവനന്തപുരം:ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും.മാസം 21ന് സർക്കാർ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്ന് കൃഷിവകുപ്പിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.കൃഷി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. രാജ്യാന്തര തലത്തില്‍ കേരളത്തില്‍നിന്നുള്ള ചക്ക എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണു സംസ്ഥാന ഫലമാക്കുന്നത്. പ്രത്യേക ബ്രാന്‍ഡ് ആകുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകള്‍ പഠിക്കാന്‍ അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒരു ജാക്ക്ഫ്രൂട്ട് റിസര്‍ച്ച്‌ സെന്ററും തുടങ്ങും. സീസണ്‍ സമയത്ത് ഒരു ദിവസം അഞ്ചു കോടി രൂപയുടെ ചക്ക ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് കയറ്റി അയയ്ക്കുന്നതായാണു കണക്ക്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയിടങ്ങളിലേക്കും ഉത്തരേന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കുമാണു കൊണ്ടുപോകുന്നത്.സീസണ്‍ ആരംഭിക്കുന്ന ജനുവരിയില്‍ കളിയിക്കാവിളയില്‍നിന്നാണ് ചക്ക സംഭരണം ആരംഭിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു സംഭരണം കൂടുതലായി നടക്കുന്നത്. സംസ്ഥാന ഫലം എന്ന നിലയിലേക്ക് ചക്ക മാറുന്നതോടെ കൂടുതലാളുകള്‍ ഈ മേഖലയിലേക്കു വരുമെന്നാണു കൃഷി വകുപ്പിന്റെ പ്രതീക്ഷ. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്‌ട്രോലൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയ ഫലമാണ് ചക്ക.രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ചക്ക ഏറെ ഗുണം ചെയ്യും. ഒരു കപ്പ് ചക്കയില്‍ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്ളേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ് , പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്. ഇതെല്ലാം ആഗോളതലത്തില്‍ അവതരിപ്പിച്ച്‌ നേട്ടമുണ്ടാക്കാനാണ് കേരളം തയ്യാറെടുക്കുന്നത്.

Previous ArticleNext Article