India, News

തേനിയിലെ കാട്ടുതീ നിയന്ത്രണവിധേയം

keralanews the fire in theni forest is under control

തേനി:കേരള-തമിഴ്നാട് അതിർത്തിയിലെ തേനി ജില്ലയിൽ കുരങ്ങണി വനത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായി. വനംവകുപ്പും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്.വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മലനിരയിൽ ഇനിയും നാലു പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. ചെന്നെയിൽ നിന്നും തിരുപ്പൂർ,ഈറോഡ് ഭാഗങ്ങളിൽ നിന്നും എത്തിയ വിനോദയാത്ര സംഘമാണ് കാട്ടുതീയിൽ കുടുങ്ങിയത്.ചെന്നൈയിൽ നിന്നും 24 പേരടങ്ങിയ സംഘം ഒരു ബസ്സിലും തിരുപ്പൂർ,റോഡ് ഭാഗത്തുനിന്നെത്തിയ 12 പേരടങ്ങുന്ന സംഘം മറ്റൊരു ബസ്സിലുമായാണ് തേനിയിലെത്തിയത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘം കുരങ്ങിണി വനത്തിലെത്തിയത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ വഴിയാണ് സംഘം കുരങ്ങിണിയിലെത്തിയത്.ശേഷം രണ്ടു സംഘമായി പിരിഞ്ഞായിരുന്നു ട്രക്കിങ്.ഒരുസംഘം കൊടൈക്കനാൽ-കൊളുക്കുമല വഴി വനത്തിലേക്ക് കടന്നു.രണ്ടാമത്തെ സംഘം എതിർവശത്തുകൂടി കുരങ്ങിണിയിലേക്ക് കടന്നു.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. ആദ്യസംഘം വൈകുന്നേരം അഞ്ചുമണിയായപ്പോഴേക്കും കുരങ്ങിണിയിലെത്തി. രണ്ടാമത്തെ സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടർന്നു.ഉണങ്ങിയ പുല്ലിലും മരങ്ങളിലും വേഗത്തിൽ തീ പടർന്നതോടെ കാട്ടിനകത്തുനിന്നും രക്ഷപെടാൻ പറ്റാതെയായി.കാട്ടിലകപ്പെട്ട ഒരാൾ വിവരം വീട്ടിൽ വിളിച്ചറിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടുകാർ വിവരം വനംവകുപ്പിന്റെ അറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുകയുമായിരുന്നു.

Previous ArticleNext Article