ന്യൂയോർക്:അന്താരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കക്കോള മദ്യം നിർമിക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ കുറഞ്ഞ നിരക്കിൽ മാത്രമുള്ള അൽക്കോപോപ്പ് പാനീയങ്ങൾ പോലുള്ള ഉൽപ്പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യം ഉത്പാദിപ്പിച്ചാണു കൊക്കക്കോളയുടെ മദ്യനിർമാണരംഗത്തേക്കുള്ള ചുവടുവയ്പെന്നു കൊക്കക്കോളയുടെ ജപ്പാൻ പ്രസിഡന്‍റ് ജോർജ് ഗാർഡുനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. വാറ്റിയെടുത്ത ഷോചു ആൽക്കഹോളും സുഗന്ധമുള്ള കാർബണേറ്റ് ജലവും ചേർത്തു നിർമിക്കുന്ന പാനീയം കോളയ്ക്ക് സമാനമായ ടിന്നിലാക്കി വിൽക്കാനാണു കമ്പനി പദ്ധതിയിടുന്നത്. മുന്തിരി, സ്ട്രോബറി, കിവി, വൈറ്റ് പീച്ച് എന്നീ ഫ്ളേവറുകളിൽ കുറഞ്ഞ അളവിൽ ആൽക്കഹോളുള്ള പാനീയമാണ് കമ്പനി പുറത്തിറക്കുക.പാനീയം എന്നുപുറത്തിറക്കും എന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഭാവിയിൽ ലഹരിയില്ലാത്ത പാനീയങ്ങൾക്കാണു കമ്പനി പ്രാധാന്യം കൊടുക്കുന്നതെന്നും ജോർജ് ഗാർഡുനോ അറിയിച്ചു.