തിരുവനന്തപുരം:2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം.ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു.ഇ.മ.യൗ,ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളി വത്സൻ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടി. കിണർ എന്ന ചിത്തിന് കഥയൊരുക്കിയ എം.എ.നിഷാദ് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി.മായാനദി എന്ന ചിത്രത്തിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനം ആലപിച്ച ഷഹബാസ് അമൻ മികച്ച ഗായകനായും വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നു എന്ന ഗാനം പാടിയ സിതാര കൃഷ്ണകുമാർ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.ക്ലിന്റ് എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച പ്രഭ വർമയെ മികച്ച ഗാനരചയിതാവായും ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കിയ എം.കെ.അർജുനൻ മികച്ച സംഗീത അംവിധായകനായും തിരഞ്ഞെടുത്തു. പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം ടോക്ക് ഓഫ് എന്ന ചിത്രത്തിനാണ്.ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയത്.സഞ്ജു സുരേന്ദ്രൻ സംവിധാനം നിർവഹിച്ച ഏദൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി.