ഏഴിമല:ഏഴിമല നാവിക അക്കാദമിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ചെറുപുഴ തടയണ തുറന്നു വിടണമെന്ന് കലക്റ്റർ ചെറുപുഴ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.എന്നാൽ ജലക്ഷാമം രൂക്ഷമായ ചെറുപുഴ,ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളുടെ കുടിവെള്ളം മുട്ടിച്ച് തടയണ തുറന്നുവിടേണ്ടതില്ലെന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.തടയണ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം തുടങ്ങിയിട്ട് നാളുകളേറെയായി.പ്രശ്നം പഠിക്കാനായി ചെറുകിട ജലവിഭവ വകുപ്പധികൃതർ ചൊവ്വാഴ്ച തടയണ സന്ദർശിച്ചിരുന്നു.കാര്യങ്കോട് പുഴയിലെ കാക്കക്കടവ് ഭാഗത്ത് നിന്നുമാണ് ഏഴിമലയിലേക്ക് വെള്ളമെത്തിക്കുന്നത്.എന്നാൽ വേനൽ കനത്തതോടെ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്നാണ് പരാതി.അതിനാൽ ചെറുപുഴ തടയണ തുറക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.അതേസമയം ചെറുപുഴ ഡാമിൽ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള കാക്കക്കടവിലേക്ക് ചെറുപുഴ ചെക്ക് ഡാം തുറന്നാലും വെള്ളം എത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഇക്കാര്യം കളക്റ്ററെ നേരിട്ട് അറിയിക്കാനുള്ള തീരുമാനത്തിലാണ് ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും.നാട്ടുകാരുടെ കുടിവെള്ളം കവർന്നെടുക്കാതെ സൈനിക കേന്ദ്രത്തിലെ മറ്റ് കുടിവെള്ള സ്രോതസ്സുകൾ ഉപയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.മഴവെള്ള സംഭരണികൾ നിർമിച്ച് വെള്ളം ശേഖരിക്കുകയും വേണം.അതേസമയം കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഏഴിമലയിലെ സൈനികരുടെ കുടുംബാംഗങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ആരംഭിച്ചു.വിദ്യാർത്ഥികളുടെ പരീക്ഷ കഴിയുന്നതോടെ ഭൂരിഭാഗം കുടുംബങ്ങളും സ്വദേശത്തേക്ക് മടങ്ങും.
Kerala, News
ഏഴിമലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കലക്റ്റർ ചെറുപുഴ തടയണ തുറക്കണമെന്ന് ആവശ്യപ്പെട്ടു;പറ്റില്ലെന്ന് നാട്ടുകാർ
Previous Articleതലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു