ന്യൂഡൽഹി:സർക്കാരിന്റെ വിവിധ സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ അവസാന തീയതി നീട്ടാൻ സാധ്യത.കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സന്നദ്ധമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. മാർച്ച് 31 ആണ് ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി.എന്നാൽ, അതിനുമുമ്പ് കേസിൽ വിധി വരാൻ സാധ്യതയില്ലാത്തതിനാൽ തീയതി നീട്ടിനൽകാൻ തയാറാണെന്ന് ആധാർ നിയമത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചുമുമ്പാകെ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.സമയപരിധി മാർച്ച് 31ആയതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അറ്റോണി ജനറലിന്റെറ സാന്നിധ്യത്തിൽ ഈ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. ഹർജിക്കാരുടെ മൂന്ന് അഭിഭാഷകരുടെ വാദം മാത്രമാണ് പൂർത്തിയായത്. അഞ്ചുപേർ കൂടി വാദം അവതരിപ്പിക്കാനുണ്ട്. അതിനുശേഷം കേന്ദ്ര സർക്കാറും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകളും ആധാർ ഏജൻസിയും മറുപടി നൽകണം. ഇത് മാർച്ച് 31നകം പൂർത്തിയാകില്ലെന്നാണ് സൂചന.
India, News
ആധാർ ബന്ധിപ്പിക്കൽ;അവസാന തീയതി നീട്ടിയേക്കും
Previous Articleപയ്യന്നൂർ കോളേജിൽ സംഘർഷം;അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്