ബെംഗളൂരു:മുതിർന്ന മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ.ഹിന്ദു യുവസേന സ്ഥാപകൻ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മാണ്ഡ്യ ജില്ലയിലെ മദ്ദൂർ സ്വദേശിയായ ഇയാളെ അനധികൃതമായി ആയുധം കൈവശം വെച്ചതിനു സിറ്റി ക്രൈം ബ്രാഞ്ച് കഴിഞ്ഞമാസം 18 ന് അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ ബംഗളൂരു എസ്ഐടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൗരിലങ്കേഷ് വധവുമായുള്ള ബന്ധം പുറത്തുവന്നത്.അനധികൃതമായി ആയുധം കൈവശം വെച്ച കേസിൽ റിമാൻഡിലായ നവീൻ കുമാറിനെ ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയുടെ അനുമതി തേടിയിരുന്നു.ഇയാളുടെ കുറ്റസമ്മത മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.തുടർന്നാണ് വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഹിന്ദു യുവസേന സ്ഥാപകനായ നവീൻ കുമാറിന് സനാതന സംസ്ഥ,ഹിന്ദു ജനജാഗ്രിതി തുടങ്ങിയ ഹിന്ദു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷിനെ ബെംഗളൂരുവിലെ വീടിനു മുൻപിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.