ന്യൂഡൽഹി:കാൽനൂറ്റാണ്ടായുള്ള സിപിഎം ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയിൽ ബിജെപിക്ക് വൻ നേട്ടം.ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോൾ നാഗാലാൻഡിൽ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി.അതേസമയം ഒരു കക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി.60 നിയമസഭാ സീറ്റുകളുള്ള മൂന്നു സംസ്ഥാനങ്ങളിലും 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ വ്യക്തിപ്രഭാവം മുൻനിർത്തി ബിജെപിയെ നേരിട്ട സിപിഎം വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ കടുത്ത പോരാട്ടത്തിനുള്ള സൂചനകൾ നൽകിയിരുന്നു. എന്നാൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങിയതോടെ ചിത്രം മാറിമറിയുകയായിരുന്നു. നഗരപ്രദേശങ്ങളെല്ലാം ബിജെപി തൂത്തുവാരിയതോടെ സിപിഎം കോട്ടകൾ തകർന്നടിഞ്ഞു.യുവജനങ്ങളുടെ പൂർണമായ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് നൽകുന്ന ചിത്രം.60 അംഗ നിയമസഭയിൽ 59 എണ്ണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഇതിൽ 41 സീറ്റുകൾ ബിജെപി-ഐപിഎഫ്റ്റി സഖ്യം കരസ്ഥമാക്കി.2013 ലെ തിരഞ്ഞെടുപ്പിൽ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത്.സിപിഎമ്മിന് 19 സീറ്റുകൾ ലഭിച്ചു.2013 ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല.60 അംഗ നാഗാലാൻഡ് നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി-എൻഡിപിപി സഖ്യം കേവലഭൂരിപക്ഷം നേടി.ഭരണകക്ഷിയായ എൻപിഎഫ് 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.കഴിഞ്ഞ തവണ എട്ടു സീറ്റുകൾ സ്വന്തമാക്കിയ കോൺഗ്രസിന് ഇത്തവണ ഒരു സീറ്റുപോലും നേടാനായില്ല.കഴിഞ്ഞ പതിനഞ്ചു വർഷമായി കോൺഗ്രസ് ഭരിച്ചിരുന്ന മേഘാലയയിലും ഭരണമാറ്റം ഉണ്ടാകാന് സാധ്യത.23 സീറ്റുകളുടെ ലീഡോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.