അഗർത്തല:ത്രിപുര,മേഘാലയ,നാഗാലാൻഡ് വോട്ടെണ്ണൽ ആരംഭിച്ചു.രാജ്യം ഉറ്റു നോക്കുന്ന ത്രിപുരയിൽ വാശിയേറിയ പോരാട്ടത്തിൽ സിപിഎമ്മും ബിജെപിയും ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 49 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 25 സീറ്റിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുസഖ്യം ലീഡ് ചെയ്യുന്നുണ്ട്.ബിജെപിയും പ്രകടനം മോശമാക്കിയിട്ടില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബിജെപി സഖ്യം 23 സീറ്റിൽ മുന്നിട്ടുനിൽക്കുകയാണ്. നാഗാലാൻഡിൽ മറ്റു കക്ഷികളെ പിന്നിലാക്കി 13 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.മേഘാലയയിലെ കോൺഗ്രസ് ഏഴിലും എൻപിപി 11 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.കനത്ത സുരക്ഷയിൽ രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.സിപിഎമ്മും ബിജെപിയും കൊമ്പുകോർത്ത ത്രിപുരയിലെ ഫലമാണ് രാജ്യം ഉറ്റുനോക്കുന്നത്.മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ.