തിരുവനന്തപുരം:അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല.തലസ്ഥാന നഗരിയിലെ തെരുവീഥികളിൽ ആയിരങ്ങൾ രാവിലെ മുതൽ തന്നെ പൊങ്കാലയ്ക്കായി നിരന്നു കഴിഞ്ഞു.രാവിലെ 9.45 ന് ശുദ്ധപുണ്ണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.തുടർന്ന് ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുമ്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും.10.05 ഓടെ മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും.പിന്നീട് ദീപം സഹമേൽശാന്തിക്ക് കൈമാറും.സഹമേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരും.തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പിലേക്ക് അഗ്നി കൈമാറും.പൊങ്കാല കലങ്ങളിൽ നിവേദ്യം തയ്യാറാക്കുന്ന ഭക്തജനങ്ങൾ ഉച്ചയ്ക്ക് 2.30 ഓടെ ഈ നിവേദ്യം സമർപ്പിക്കും.ഈ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.45ന് ക്ഷേത്രാങ്കണത്തിൽ വ്രതമെടുത്തു കഴിയുന്ന ബാലന്മാർക്ക് ചൂരൽ കുത്താനാരംഭിക്കും. ഇതിനു പിന്നാലെ മണക്കാട് ക്ഷേത്രത്തിലേക്കുള്ള ദേവി എഴുന്നള്ളത്തും നടക്കും.പറയെടുപ്പ് പൂർത്തിയാക്കി മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തി പിറ്റേന്ന് രാവിലെ എഴുന്നള്ളിപ്പ് മടങ്ങിവരും വരെ കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും.ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ കാപ്പഴിച്ചു കുടിയിലാക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.
Kerala, News
ഇന്ന് ആറ്റുകാൽ പൊങ്കാല;ഭക്തിയുടെ നിറവിൽ അനന്തപുരി
Previous Articleനടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും