ന്യൂഡൽഹി:ഓഖി ദുരിതാശ്വാസമായി കേരളത്തിന് 169.63 കോടിരൂപ അനുവദിച്ച് കേന്ദ്രം. ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും തീരദേശ മേഖലയുടെ പുനർനിർമാണത്തിനുമായി 7360 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.തമിഴ്നാടിനും കേന്ദ്രം 133.05 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. പ്രകൃതി ദുരന്തം, കൃഷി നാശം എന്നീ വിഭാഗങ്ങളിൽ പെടുത്തി വിവിധ സംസ്ഥാനങ്ങൾക്കുള്ള പൊതു സഹായം എന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്.വെള്ളപ്പൊക്ക ദുരിതാശ്വാസമായ ബീഹാറിന് 1711.66 കോടിയും ഗുജറാത്തിന് 1055.05 കോടിയും രാജസ്ഥാന് 420.57 കോടിയും ഉത്തർപ്രദേശിന് 420.69 കോടിയും പശ്ചിമ ബംഗാളിന് 838.85 കോടിയും അനുവദിച്ചു. കൃഷിനാശം നേരിട്ട സംസ്ഥാനങ്ങളായ മധ്യപ്രദേശിന് 836.09 കോടിയും ചത്തീസ്ഗഡിന് 395.91 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ചബ്ബ, നീതി ആയോഗ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നവംബർ 30 ന് കേരളാ തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് വൻതോതിൽ നാശം വിതച്ചിരുന്നു.