തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി.കേസിൽ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്. ചോദ്യോത്തരവേള നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.എന്നാൽ സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി തള്ളി.സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ സാക്ഷികൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇത് കൊണ്ടുതന്നെ കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി മുദ്രാവാക്യം വിളിച്ചു.ഇതോടെ സഭാ നടപടികൾ തടസപ്പെട്ടു. നടുത്തളത്തിലിരുന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നതോടെയാണ് സഭാ നടപടികൾ തടസപ്പെട്ടത്.