
ഇരിട്ടി:ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവെ നിർമാണത്തിനിടെ കോൺക്രീറ്റ് മിക്സർ മെഷീൻ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക് .കോക്കാട്ട് പുതുതായി നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തിക്കിടെ മെഷീൻ തോട്ടിലേക്ക് മറിയുകയായിരുന്നു.തോട്ടിൽ കോൺക്രീറ്റ് ഉറപ്പിക്കുന്ന തൊഴിലാളികൾക്ക് മുകളിലേക്ക് മെഷീൻ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശിയായ ഷമീം അൻസാരിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ ബീഹാർ സ്വദേശികളായ ഗുർഷിത് ആലം,മജുബുൾ അൻസാരി,വടകര സ്വദേശികളായ മോഹനൻ കക്കട്ടിൽ,മിഥുൻ,സജീഷ് പയ്യോളി,അബ്ദുൽ മുത്തലീബ് എന്നിവരെ തലശ്ശേരി,ഇരിട്ടി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടർസ് സൊസൈറ്റിയുടെ തൊഴിലാളികളാണ് ഇവർ.ഇരിട്ടിയിൽ നിന്നെത്തിയ അഗ്‌നിശമനസേനയും ഉളിക്കൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ടുമണിക്കൂറോളം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇതിനിടെ പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടെ ഒരു പോലീസുകാരനും പരിക്കേറ്റു.