
പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധത്തിനിടയിലേക്ക് മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു. പ്രതികളെ പിടികൂടിയശേഷം മധുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ആംബുലന്‍സ് തടഞ്ഞത്. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് ആംബുലൻസ് തടഞ്ഞത്. ഇതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും കമ്മീഷൻ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.