Kerala, News

കെ.സുധാകരന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു

keralanews the indefinite hunger strike of k sudhakaran entered into fourth day

കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാലകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.രാവിലെ മുതൽ തന്നെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സമരപ്പന്തലിലേക്ക് എത്തുന്നത്.ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് സമരപ്പന്തലിൽ വെച്ച് ചേരുന്ന യുഡിഎഫ് സംസ്ഥാനനേതാക്കളുടെ യോഗം ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യും.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് എം.എം.ഹസൻ, വി.എം.സുധീരൻ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെ.പി.എ.മജീദ്, എ.എ.അസീസ് തുടങ്ങിയ നേതാക്കൾക്കൊപ്പം യുഡിഎഫ് എംപിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ മുതലാണ് സുധാകരൻ കളക്റ്ററേറ്റ് പടിക്കൽ 48 മണിക്കൂർ നിരാഹാരം ആരംഭിച്ചത്.എന്നാൽ കെപിസിസി നിർദേശപ്രകാരം സമരം അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.ഉമ്മൻ ചാണ്ടി, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ‌.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിൽ എത്തി സുധാകരന് അഭിവാദ്യമർപ്പിച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഇന്നലെ സുധാകരനെ സന്ദർശിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടി സ്വകാര്യ ആശുപത്രിയിലെ ഡോക്റ്ററെത്തി സുധാകരന്റെ ആരോഗ്യ നില പരിശോധിച്ചു.ക്ഷീണിതനാണെങ്കിലും സുധാകരൻ ആരോഗ്യവാനാണെന്നു ഡോക്റ്റർമാർ പറഞ്ഞു. അതേസമയം സുധാകരന്റെ ആരോഗ്യ നില പരിശോധിക്കാൻ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ സംഘം എത്തിയിരുന്നെങ്കിലും പ്രവർത്തകർ പരിശോധിക്കാൻ അനുവദിച്ചില്ല. നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടിട്ടും സുധാകരന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഡോക്ടർമാർ എത്താൻ വൈകിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.ഇതോടെ ഡോക്റ്റർമാർ മടങ്ങി പോയി.

Previous ArticleNext Article