കണ്ണൂർ:ആകാശചിറകിലേറി ഇനി കണ്ണൂരും.വിമാനത്താവളത്തിലെ ഡോപ്ലർ വെരിഹൈ ഫ്രീക്വൻസി ഓമ്നി റേഞ്ച്(ഡി.വി.ഓ.ആർ) സംവിധാനം പരിശോധിക്കുന്നതിനുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി.ഇന്നലെ രാവിലെയാണ് ബെംഗളൂരുവിൽ നിന്നെത്തിയ എയർപോർട്ട് അതോറിറ്റിയുടെ ഡോണിയർ വിമാനം വിമാനത്താവളത്തിന് മുകളിലൂടെ ചുറ്റിപ്പറന്ന് സിഗ്നലുകൾ സ്വീകരിച്ചത്.എന്നാൽ ആകാശം മേഘാവൃതമായതിനാൽ 5000 മുതൽ 8000 അടി ഉയരത്തിൽ പറന്ന വിമാനം താഴെ നിന്നവർക്ക് കാണാനായില്ല.രാവിലെ 9.52 ന് ബെംഗളൂരുവിൽ നിന്നും പറന്നുയർന്ന വിമാനം 10.45 ഓടെ വ്യോമപരിധിയിൽ പ്രവേശിച്ചു.പല ഉയരങ്ങളിലും ദിശകളിലും പറന്ന് റഡാറിൽ നിന്നും സിഗ്നലുകൾ സ്വീകരിച്ചു. ഡി.വി.ഓ.ആർ കമ്മീഷൻ ചെയ്യുന്നതോടെ വിമാനത്താവളത്തിലേക്കുള്ള അന്താരാഷ്ട്ര വ്യോമമാർഗം നിലവിൽ വരും. വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിക്രമങ്ങളുടെ സുപ്രധാന ഘട്ടമാണ് നാവിഗേഷൻപരിശോധനയോടെ പിന്നിട്ടതെന്നു കിയാൽ എംഡി പി.ബാലകിരൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും നേരിട്ട് കണ്ണൂർ വിമാനത്താവളത്തിലേക്ക് വ്യോമപാത സാധ്യമാകുമെന്നാണ് പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. കണ്ണൂരിലേക്കുള്ള വ്യോമമാർഗം എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ റെഗുലേഷൻ ആൻഡ് കൺട്രോൾ വിഭാഗം അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തും.ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ എയർപോർട്ട് അതോറിറ്റിക്ക് കൈമാറുന്നതോടെ വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിക്രമങ്ങൾക്ക് വേഗമേറും.