തളിപ്പറമ്പ്:തളിപ്പറമ്പിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ പിടിയിൽ.കണ്ണൂർ പുഴാതി സ്വദേശി പി.വി വിനോദ് കുമാറാണ്(50) വിജിലൻസിന്റെ പിടിയിലായത്.പതിനഞ്ചാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടിയാണ് സംഭവം.കരിമ്പം സ്വദേശിയായ സജീർ എന്നയാളിൽ നിന്നും സ്ഥലം രെജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.മാതാവിന്റെ പേരിലുള്ള സ്വത്ത് തന്റെയും സഹോദരന്റെയും പേരിലേക്ക് രെജിസ്റ്റർ ചെയ്യുന്നതിനാണ് സജീർ ഓഫീസിൽ എത്തിയത്.എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിനോദ് കുമാർ ഇയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.മറ്റൊരു രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മുൻപും ഇയാൾ സജീറിൽ നിന്നും കൈക്കൂലി കൈപ്പറ്റിയിരുന്നു.വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് സജീർ വിജിലൻസിൽ പരാതി നൽകിയത്.വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം ഫിനോപ്തലിൻ പുരട്ടിയ നോട്ടുകളുമായി സജീറിനെ അയക്കുകയായിരുന്നു.എന്നാൽ ഇയാൾ കൈക്കൂലിയായി വാങ്ങിയ പണം കണ്ടെത്താൻ വിജിലൻസ് സംഘത്തിന് കഴിഞ്ഞില്ല.കൈക്കൂലി വാങ്ങിയ 3000 രൂപയ്ക്കായി വിജിലൻസ് നടത്തിയ പരിശോധനയിൽ റെക്കാർഡുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ നിരോധിക്കപ്പെട്ട 500 രൂപയുടെ മൂന്നു നോട്ടുകളും 3700 രൂപയും കണ്ടെത്തി.പ്രതിയെ ഇന്ന് രാവിലെ കോഴിക്കോട് വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.ഇന്നും പണം കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം റിക്കാർഡ് റൂം പരിശോധിക്കും.