കണ്ണൂർ:സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാർ ജില്ലയ്ക്ക് അനുവദിച്ച തുകയിൽ ഏഴു കോടി നഷ്ടമായേക്കും. ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ഈ വർഷത്തേക്ക് അനുവദിച്ച 11 കോടി 23 ലക്ഷം രൂപയിൽ ഇതേവരെ ചെലവായത് 416.28 ലക്ഷം രൂപ മാത്രമാണെന്ന് ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശുചിത്വ പ്രവർത്തനങ്ങൾക്കായി പണം നല്കിയിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും യോഗം ചൂണ്ടിക്കാണിക്കുന്നു. ജില്ലാ ശുചിത്വ മിഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.പട്ടിക ജാതി-പട്ടിക വർഗ കോളനികളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയായ രാജീവ് ഗാന്ധി നാഷണൽ ഡ്രിങ്കിങ് വാട്ടർ മിഷൻ പദ്ധതിക്കായി അഞ്ചുകോടി തൊണ്ണൂറ്റി മൂവായിരം രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്നും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. അതോടൊപ്പം തന്നെ ആലക്കോട് പഞ്ചായത്തിലെ ചെറുപാറ ഏന്തിച്ചുന്നമുക്ക് എസ്.ടി കോളനിയിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള 35 ലക്ഷത്തിന്റെ പദ്ധതി,കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാൽ എസ്ടി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള 16 ലക്ഷത്തിന്റെ പ്രത്യേക പദ്ധതി എന്നിവയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്ന കാരണത്താൽ തുടങ്ങിയിട്ടേയില്ല. പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതി നടപ്പിലാക്കാൻ പതിനാറുലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി നാനൂറു രൂപയാണ് അനുവദിച്ചത്. എന്നാൽ ചിലവാക്കിയതാകട്ടെ വെറും മുപ്പത്തിമൂവായിരം രൂപ മാത്രം.