Kerala, News

ഗർഭിണിക്ക് ബസ്സിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ഗൃഹനാഥനെ ബസ്സിൽ നിന്നും തള്ളിയിട്ടു

keralanews the dispute over giving seat to a pregnant lady the man was thrown out of the bus

കണ്ണൂർ:ബസ്സിൽ ഗർഭിണിക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട ഗൃഹനാഥനെ ബസ്സിൽ നിന്നും തള്ളിയിട്ടതായി പരാതി.തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് സംഭവം നടന്നത്.സംഭവത്തെ തുടർന്ന് അബോധാവസ്ഥയിലായ കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി.രാജനെ(50) അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.കൂലിപ്പണിക്കാരനായ രാജന്‍ ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് പോകാനാണ് സ്വകാര്യ ബസില്‍ കയറിയത്. താലൂക്ക് സ്‌റ്റോപ്പില്‍ നിന്നും ബസില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജന്‍ ആവശ്യപ്പട്ടിരുന്നു.രാജന്‍ പെണ്‍കുട്ടികളോട് സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു.പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുഴപ്പം വേണ്ടെന്ന് പറഞ്ഞ് ഭാര്യ ബസ് സ്റ്റേഡിയം കോര്‍ണറിലെത്തിയപ്പോള്‍ രാജനെയും വിളിച്ച് അവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ രാജനെ ബസില്‍ നിന്ന് തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ച് വീണ് ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവര്‍ ഓട്ടോയില്‍ കണ്ണൂര്‍ മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെനിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.കൊയിലിയില്‍ വച്ച് നടത്തിയ സ്‌കാനിംഗില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടതിനെ തുടർന്ന് ഡോക്ടര്‍മാരുടെ നിർദേശപ്രകാരം രാജനെ പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത രാജന്‍റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Previous ArticleNext Article